സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം; പ്രതിദിനം ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നത് 7000ത്തിലധികം പേർ

 

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷമായി തുടരുന്നു. ദിവസേന 7,000-ത്തിലധികം ആളുകളാണ് പനിയെ തുടർന്ന് മാത്രം ആശുപത്രികളിൽ ചികിത്സ തേടുന്നത്. ഈ മാസം ഇതുവരെ മാത്രം 2,36,767 പേർ ചികിത്സ തേടിയതായി കണക്കുകൾ വ്യക്തമാക്കുന്നു. മഴക്കാലം കഴിഞ്ഞിട്ടും പനിയുടെ കണക്കുകളിൽ കുറവ് വന്നിട്ടില്ലാത്തത് ആരോഗ്യമേഖലയ്ക്ക് കനത്ത വെല്ലുവിളിയാകുന്നുണ്ട്.മഴക്കാലത്തിന്റെ തുടക്കത്തിൽ ആരംഭിച്ച പനി വ്യാപനം ഇപ്പോഴും അതേ തോതിൽ തുടരുകയാണ്. കഴിഞ്ഞ നാല് മാസത്തെ കണക്കുകൾ പരിശോധിച്ചാൽ പ്രതിദിനം ശരാശരി 8,000-ത്തോളം പേർ പനി ബാധിച്ച് ചികിത്സ തേടുന്നുണ്ട്. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം ഇന്നലെ മാത്രം സംസ്ഥാനത്ത് 8,141 പേർക്കാണ് പനി സ്ഥിരീകരിച്ചത്. ഇതിൽ മലപ്പുറം ജില്ലയിലാണ് പനി ബാധിതരുടെ എണ്ണം ഏറ്റവും കൂടുതൽ ഉള്ളത്. അവിടെ മാത്രം പ്രതിദിന കണക്കുകൾ 1,500-ന് മുകളിലാണ്.പനിക്ക് പുറമെ ഡെങ്കിപ്പനി, ഇൻഫ്ലൂവൻസ തുടങ്ങിയ മാരക രോഗങ്ങളുടെ വ്യാപനവും സംസ്ഥാനത്ത് ആശങ്ക ഉയർത്തുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഇൻഫ്ലൂവൻസ രോഗവ്യാപനം വളരെ കൂടുതലാണെന്നാണ് വിലയിരുത്തൽ. ഈ ആരോഗ്യ അടിയന്തരാവസ്ഥയ്ക്കിടയിലും സർക്കാർ ആശുപത്രികളിൽ മരുന്നുകൾ ലഭ്യമല്ലാത്തത് പ്രതിസന്ധി ഇരട്ടിയാക്കുന്നു. പാരസെറ്റാമോൾ അടക്കമുള്ള അത്യാവശ്യ മരുന്നുകൾ പോലും പല ആശുപത്രികളിലും സ്റ്റോക്കില്ലാത്ത അവസ്ഥയാണ്.കാരുണ്യ ഫാർമസികളിൽ ചെന്നാലും മരുന്നുകൾ ലഭിക്കാത്ത സ്ഥിതിയുണ്ട്. ഇത് സാധാരണക്കാരായ രോഗികളുടെ മേൽ വലിയ സാമ്പത്തിക ഭാരമാണ് അടിച്ചേൽപ്പിക്കുന്നത്. ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും കൃത്യമായ ഏകോപനവും മുൻകരുതലുകളും ഇല്ലാത്തതാണ് നിലവിലെ ഗുരുതരമായ പ്രതിസന്ധിക്ക് കാരണമെന്ന് ശക്തമായ വിമർശനം ഉയരുന്നുണ്ട്.



إرسال تعليق

0 تعليقات