കെഎസ്ആര്‍ടിസിക്ക് ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട് ഉപയോഗിക്കാന്‍ പ്രത്യേകാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്


കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങുന്നതിനായി എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. പൊതുഗതാഗത സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ ഈ സുപ്രധാന തീരുമാനം. ഉത്തരവ് അനുസരിച്ച് ഒരു നിയമസഭാ മണ്ഡലത്തില്‍ പരമാവധി മൂന്ന് ബസുകള്‍ വരെ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് വാങ്ങാന്‍ അനുവാദമുണ്ട്. ഈ ബസുകള്‍ അനുവദിക്കുന്ന മണ്ഡലങ്ങളിലെ യാത്രക്കാരുടെ യാത്രാവശ്യങ്ങള്‍ക്കായിരിക്കും സര്‍വീസുകളില്‍ ആദ്യ മുന്‍ഗണന നല്‍കുക. വാങ്ങാന്‍ ഉദ്ദേശിക്കുന്ന ബസുകളുടെ ഇരിപ്പിട ശേഷി, ബോഡി തരം, ഇന്ധന വിഭാഗം എന്നിവ കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറുമായി (സിഎംഡി) ആലോചിച്ചായിരിക്കും എംഎല്‍എമാര്‍ അന്തിമമായി തീരുമാനിക്കുക. എംഎല്‍എമാരില്‍ നിന്ന് ഫണ്ട് ഉറപ്പാക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കിയിട്ടുണ്ട്. നികുതികളും രജിസ്‌ട്രേഷന്‍ ചാര്‍ജുകളും ഉള്‍പ്പെടെ ഒരു ബസിന് വരുന്ന ആകെ ചെലവ് വ്യക്തമാക്കുന്ന പട്ടിക സെപ്റ്റംബര്‍ 30-നകം കെഎസ്ആര്‍ടിസി സിഎംഡി ജനപ്രതിനിധികള്‍ക്ക് കൈമാറണം. തുടര്‍ന്ന്, ബസുകള്‍ വാങ്ങുന്നതിനായി തങ്ങളുടെ വിഹിതം അനുവദിച്ച് കൊണ്ടുള്ള നിര്‍ദേശം ഒക്ടോബര്‍ 15-നകം എംഎല്‍എമാര്‍ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.



إرسال تعليق

0 تعليقات