കൊല്ലം നീണ്ടകര മണ്ണന്തറ സ്വദേശിയായ യുവതിക്ക് വിദേശത്ത് വെച്ച് ഭർത്താവിൻ്റെ ക്രൂര മർദ്ദനമെന്ന് പരാതി. സ്ത്രീധനത്തിൻ്റെ പേരിൽ സൗദിയിൽ വെച്ച് മർദ്ദിച്ചെന്നാണ് 24 കാരിയായ അഞ്ചുവിൻ്റെ പരാതി. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് സ്ത്രീധന പീഡനം തുടങ്ങിയെന്നാണ് പരാതി. അഞ്ചുവിൻ്റെ പരാതിയിൽ ചവറ പൊലീസ് പരിമണം സ്വദേശിയായ ഭർത്താവ് നന്ദു, അച്ഛൻ ദിനേശ്, അമ്മ ജഗദമ്മ എന്നിവർക്കെതിരെ കേസെടുത്തു. സൗദിയിലെ വീട്ടിൽ വെച്ച് ലാപ്ടോപ് ചാർജർ ബെൽറ്റും കുക്കറും മറ്റ് അടുക്കള ഉപകരണങ്ങളും കൊണ്ട് ഭർത്താവ് മർദ്ദിച്ചെന്നാണ് പരാതിയിലുള്ളത്. കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി ഇല്ലാത്ത കാര്യങ്ങൾ പറയിച്ചെന്നും ഭീഷണിപ്പെടുത്തി റെക്കോർഡ് ചെയ്ത ശബ്ദരേഖ പ്രചരിപ്പിച്ചെന്നും യുവതി പരാതിയിൽ പറയുന്നു. സെപ്റ്റംബർ 30ന് നാട്ടിൽ മടങ്ങിയെത്തിയ യുവതിയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകളും മുറിവും വീട്ടുകാർ ശ്രദ്ധിക്കുകയായിരുന്നു. യുവതി കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.




0 تعليقات