തിരുത്തൽ തുടങ്ങി സിപിഎം; പാലക്കാട് ജില്ലാ സെക്രട്ടറിയെ മാറ്റി, മുൻ എംഎൽഎ വി ചെന്താമരാക്ഷൻ പുതിയ സെക്രട്ടറി


പാലക്കാട്: തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് നടത്തുന്ന തിരുത്തലിൽ നടപടി തുടങ്ങി സിപിഎം. പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിയെ നേതൃത്വം മാറ്റി. ഇഎൻ സുരേഷ് ബാബുവിനെ മാറ്റി പാലക്കാട് പുതിയ ജില്ലാ സെക്രട്ടറിയായി മുൻ എംഎൽഎ വി ചെന്താമരാക്ഷനെ നിയമിക്കുകയായിരുന്നു. പരാതികളെ തുടർന്നാണ് ഇഎൻ സുരേഷ് ബാബുവിനെയാണ് മാറ്റിയത്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. 6 ഏരിയാ സെക്രട്ടറിമാർ ഉൾപ്പെടെ 8 പേരെ ക്ഷണിതാക്കളാക്കി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ പ്രസിഡൻ്റ് ഷീബി കൃഷ്‌ണയും ജില്ലാ കമ്മിറ്റി ക്ഷണിതാവ് ആയി. പാർട്ടിയുടെ ഉയർച്ചയ്ക്ക് സുരേഷ് ബാബുവിനെ മാറ്റണമെന്ന് യോ​ഗത്തിൽ ആവശ്യം ഉയരുകയായിരുന്നു. വിഭാഗീയത ശക്തമായത് സുരേഷ് ബാബു കാരണമെന്നായിരുന്നു വിമർശനം. പാർട്ടി ഓഫീസ് നവീകരണത്തിലെ ഫണ്ട് ശേഖരണത്തിൻ്റെ കണക്ക് അവതരിപ്പിച്ചില്ലെന്നും പെരുമാറ്റ ദൂഷ്യമെന്ന വിമർശനവും ഉണ്ടായി. അതേസമയം, തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് നടത്തുന്ന തിരുത്തലിൽ ആദ്യമായാണ് ഒരു ജില്ലാ സെക്രട്ടറിയെ മാറ്റുന്നത്. സമ്മേളന കാലത്തല്ലാതെ ജില്ല സെക്രട്ടറിയെ മാറ്റുന്നത് അസാധാരണമായ നടപടിയാണ്.




إرسال تعليق

0 تعليقات