ചിറയിന്‍കീഴ് സ്വദേശി സജിയുടെ മരണത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. പ്രദേശവാസിയായ വയോധികനെ പൊലീസ് മര്‍ദിക്കുന്നത് കണ്ട് പിടിച്ചുമാറ്റാനെത്തിയ സജിയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. തലയില്‍ ആറ് തവണ പൊലീസുകാര്‍ അടിച്ചു. തുടര്‍ന്ന് സജി രക്തം ഛര്‍ദിക്കുകയും ചെയ്തു. മൂത്രത്തില്‍ രക്തത്തിന്റെ അംശം ഉണ്ടായിരുന്നുവെന്നും കുടുംബം പറഞ്ഞു.
പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎമ്മും രംഗത്തെത്തി. സംസ്ഥാനത്തെ പൊലീസിനെ കയറൂരി വിട്ട സ്ഥിതിയാണെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് പ്രതികരിച്ചു. പൊലീസിന്റെ കടിഞ്ഞാണ്‍ ആഭ്യന്തരവകുപ്പിനില്ല. രക്തം ഛര്‍ദിച്ച് അവശനായ ആളെ ചികിത്സ ലഭ്യമാക്കാതെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി അധികൃതര്‍ വീട്ടിലേക്ക് പറഞ്ഞ് വിട്ടെന്നും വി ജോയ് ആരോപിച്ചു.ഈ മാസം രണ്ടാം തീയതി വൈകീട്ടായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. 'പൊലീസിനെ പിടിച്ചുമാറ്റാന്‍ നീ ആരാടാ എന്ന് ആക്രോശിച്ച് സജിക്ക് നേരെ പൊലീസ് ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. എട്ടോളം പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നായിരുന്നു മര്‍ദനം. ഉദ്യോഗസ്ഥര്‍ എത്തിയത് മഫ്തിയിലായിരുന്നു. ചിറയിന്‍കീഴ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം സജിയെ ആക്രമിച്ചെന്നായിരുന്നു കുടുംബം പറഞ്ഞത്. സജിയുടെ ശരീരമാസകലം പൊലീസ് സംഘം മര്‍ദിച്ചെന്നും ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞെന്നും കുടുംബം ആരോപിച്ചിരുന്നു. സംഭവത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് കുടുംബം പരാതി നല്‍കിയിരുന്നു.
അതേസമയം, യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമല്ലെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരിച്ച സജിക്ക് കടുത്ത അണുബാധയുണ്ടായിരുന്നതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സജി ന്യൂമോണിയ ബാധിതനായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ പരിശോധനകള്‍ക്കായി സജിയുടെ ആന്തരികാവയവങ്ങള്‍ രാസ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.





0 تعليقات