കൊച്ചി: നെടുമ്പാശ്ശേരിയിലെ വാഹനാപകടത്തില്‍ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കാക്കര എംഎല്‍എ ഉമാ തോമസ്. വേര്‍പാട് സംഭവിച്ച കുടുംബങ്ങള്‍ക്ക് ആവശ്യമായ പിന്തുണ ലഭ്യമാക്കുകയും നീതി ഉറപ്പാക്കുന്നതിന് സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും എംഎല്‍എ പറഞ്ഞു. 'അമിതവേഗതയിലുള്ള വാഹനയാത്രയിലൂടെ മൂന്ന് വിലപ്പെട്ട ജീവനുകളാണ് കവര്‍ന്നെടുത്തത്. മൂന്ന് കുടുംബങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ഈ ദുരന്തത്തിലൂടെ തകര്‍ന്നത്. പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വേര്‍പാട് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപാഠികള്‍ക്കും സമ്മാനിച്ച വേദന വാക്കുകള്‍ക്കതീതമാണ്. ഈ ദാരുണമായ അപകടത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിച്ച് നീതി ഉറപ്പാക്കണം' ഉമാ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് മദ്യലഹരിയില്‍ സുഹൈല്‍ സജീവ് എന്ന 19 വയസ്സുകാരന്‍ ഓടിച്ച മിനി കൂപ്പര്‍ കാര്‍ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവര്‍ തല്‍ക്ഷണം മരിച്ചിരുന്നു. തൃക്കാക്കര മണ്ഡലത്തിലെ KMM കോളേജ് വിദ്യാര്‍ത്ഥിനികളായിരുന്നു മരിച്ച ദേവികയും ഗോപികയും. പ്രതി സുഹൈല്‍ സജീവ് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രയില്‍ യുവാവ് മൂന്ന് ബാറുകളില്‍ക്കയറി മദ്യപിച്ചിരുന്നു. ഇതിന്റെ വീഡിയോയും മൊബൈലില്‍ ചിത്രീകരിച്ചിട്ടുണ്ട്. സുഹൃത്തിനെ വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകാനാണ് പ്രതിയെത്തിയത്. വിമാനം എത്തുന്ന സമയം 2.40 ആയതിനാല്‍ വീണ്ടും ബാറുകളില്‍ പോയി മദ്യപിച്ചു. മദ്യലഹരിയിലാണ് സുഹൈല്‍ വാഹനം ഇടിച്ച് തെറിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. 19 കാരന് നിയമവിരുദ്ധമായി മദ്യം നല്‍കിയ ബാറുകള്‍ തിരിച്ചറിഞ്ഞ് കേസെടുക്കാന്‍ എക്‌സൈസ് മന്ത്രി എം ലിജു നിര്‍ദേശം നല്‍കിയിരുന്നു. കേരളത്തിലെ നിയമപ്രകാരം 23 വയസ്സാണ് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം.




0 تعليقات