അത്ര 'പൂക്കി' ആക്കണ്ട; നിയമ വിരുദ്ധ രൂപമാറ്റങ്ങള്‍ വരുത്താനാകില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്.

 

തിരുവനന്തപുരം: വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മോഡിഫിക്കേഷന്‍ പ്രേമികള്‍ക്ക് തിരിച്ചടി. നിയമവിരുദ്ധ രൂപമാറ്റം നടത്താന്‍ ആകില്ലെന്ന് പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിറക്കി. മുന്‍കൂര്‍ അനുമതിയോടെ ഏഴ് മാറ്റങ്ങള്‍ മാത്രമാണ് വരുത്താനാകുക. രൂപമാറ്റത്തിനു മുമ്പ് ആര്‍ടിഒ അനുമതി വാങ്ങണമെന്നും ഉത്തരവിലുണ്ട്. മാറ്റങ്ങള്‍ ആര്‍സി ബുക്കില്‍ രേഖപ്പെടുത്തുകയും വേണം. നിരോധിത നിറങ്ങള്‍ ഒഴികെ, വാഹനത്തിന്റെ നിറം മാറ്റാം. അതേ കമ്പനിയുടെ സമാന ശേഷിയുള്ള പുതിയ എഞ്ചിന്‍ വാഹനത്തില്‍ വെക്കാമെന്നും ഉത്തരവിലുണ്ട്. എന്നാല്‍ എഞ്ചിന്‍ സ്വാപ്പിങ് അനുവദിക്കില്ല.

സമാന മോഡലിലുള്ള പുതിയ ഷാസി ഉപയോഗിക്കാം. എന്നാല്‍ മറ്റൊരു വാഹനത്തിന്റെ ഷാസി ഘടിപ്പിക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം. അംഗീകൃത കിറ്റുകള്‍ ഉപയോഗിച്ച് ഇന്ധന രീതി മാറ്റാനും, പ്രൊപ്പല്‍ഷന്‍ സിസ്റ്റം കണ്‍വേര്‍ഷനും അനുമതി നല്‍കും. ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ വാഹനങ്ങള്‍ രൂപമാറ്റം വരുത്താമെന്ന നിര്‍ദ്ദേശമുണ്ട്. നിര്‍മ്മാതാക്കള്‍, ഡീലര്‍മാര്‍, സര്‍ക്കാര്‍ അംഗീകൃത വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവര്‍ മുഖേന മാത്രമേ ഈ മാറ്റങ്ങള്‍ വരുത്താന്‍ പാടുള്ളൂ. മുന്‍കൂര്‍ അനുമതിയില്ലാതെ വാഹനങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ മോട്ടോര്‍ വാഹന നിയമപ്രകാരം കര്‍ശനമായി നേരിടുമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഈ വ്യവസ്ഥകള്‍ വ്യക്തമാക്കി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.മുമ്പ് ഉണ്ടായിരുന്ന നിയമങ്ങള്‍ തന്നെയാണ് പുതിയ ഉത്തരവിലും ഉള്ളതെന്നതാണ് മോഡിഫിക്കേഷന്‍ പ്രേമികള്‍ക്ക് നിരാശയുണ്ടാക്കുന്നത്. അധികാമയി ഒന്നും കൂട്ടിച്ചേര്‍ത്തിട്ടില്ല. വാഹന മോഡിഫിക്കേഷന് അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. ജെന്‍സികള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാഴായിരിക്കുന്നു എന്നാണ് ഉയരുന്ന വിമര്‍ശനം. കേന്ദ്ര നിയമത്തിന് മുകളിലായി ഒന്നും അനുവദിക്കുന്നില്ല എന്നതാണ് പ്രധാന കാര്യം. രൂപമാറ്റത്തിന് ഇളവുകള്‍ ഇല്ല എന്നതിനോടൊപ്പം അനധികൃത രൂപമാറ്റം വരുത്തിയ വനാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ പ്രത്യേക ഡ്രൈവ് നടത്തുമെന്ന പ്രഖ്യാപനവും കൂടുതല്‍ ചര്‍ച്ചയാകാനാണ് സാധ്യത.



Post a Comment

0 Comments