പേരാവൂർ: ഉൾനാടൻ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും മത്സ്യകർഷകർക്ക് മികച്ച വിപണനസൗകര്യം ഒരുക്കുന്നതിനുമായി പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി പേരാവൂരിൽ ആരംഭിച്ച ലൈവ് ഫിഷ് വെൻഡിംഗ് സെന്റർ വൈദ്യുതി പരിസ്ഥിതി പാർലമെന്ററികാര്യ വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. മത്സ്യകൃഷി ചെയ്യുന്നവർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു. ആഹാരത്തിൽ മത്സ്യത്തിന് മുഖ്യ പ്രാധാന്യം നൽകുന്ന മലയാളിക്ക് ചീയാത്ത നല്ല മത്സ്യം ലഭ്യമാക്കുന്നത് ഏറെ പ്രയോജനകരമാണ്. ജീവനുള്ള മത്സ്യങ്ങളെ ശാസ്ത്രീയമായി സംരക്ഷിച്ച് ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം നേരിട്ട് തിരഞ്ഞെടുത്ത് വാങ്ങാനുള്ള സൗകര്യമാണ് വെൻഡിംഗ് സെന്ററിന്റെ പ്രത്യേകത. മത്സ്യത്തിന്റെ പുതുമയും ഗുണമേന്മയും ഉറപ്പാക്കുന്നതിനൊപ്പം വൃത്തിയുള്ളതും ആരോഗ്യകരവുമായ അന്തരീക്ഷത്തിൽ മത്സ്യവിപണനം നടത്താനും ഇതിലൂടെ സാധിക്കും. മത്സ്യകർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും മത്സ്യകൃഷി മേഖലയിലെ വിപണനസാധ്യതകൾ മെച്ചപ്പെടുത്തുന്നതിനും പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും പദ്ധതി സഹായകരമാവുമെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ അധ്യക്ഷത വഹിച്ചു. 20 ലക്ഷം രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. ഇതിന്റെ 40 ശതമാനമായ എട്ട് ലക്ഷം രൂപ ഗുണഭോക്താവിന് സബ്സിഡിയായി ലഭിക്കും. സുസ്ഥിരവും ഉത്തരവാദിത്തപൂർണവുമായ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കുന്ന കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി മത്സ്യസമ്പദ് യോജനയുടെ ഭാഗമായാണ് ഈ സംരംഭം.




0 Comments