ന്യൂ ഡൽഹി: നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാൻ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ വ്യാജമാണെന്ന് ദിലീപ്. തെളിവുകളുടെ വിടവ് നികത്താനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നത് എന്നും ദിലീപ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ആരോപിച്ചിട്ടുണ്ട്. കാവ്യാ മാധവന്റെ അച്ഛൻ മാധവനെയും, അമ്മ ശ്യാമളേയും വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്നും ദിലീപ് ആരോപിച്ചു.ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും സഹോദരന്റെയും സഹോദരിയുടെയും സഹോദരീ ഭർത്താവിന്റെയും ശബ്ദം തിരിച്ചറിയുന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണക്കോടതിയെ സമീപിച്ചത്. മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാനിരിക്കെയാണ് പ്രോസിക്യൂഷൻ നിരത്തിയ കാരണങ്ങൾ വ്യാജമാണെന്ന് ദിലീപ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ആരോപിച്ചിരിക്കുന്നത്. മഞ്ജു വാര്യർക്ക് തന്നോട് വിരോധമാണ്. വോയിസ് ക്ലിപ്പുകളെ സംബന്ധിച്ച ഫോറൻസിക് റിപ്പോർട്ട് വിചാരണക്കോടതിയുടെ പരിഗണനയിൽ ആണെന്നും ദിലീപ് സത്യവാങ്മൂലത്തിൽ പറഞ്ഞു.കാവ്യാ മാധവൻ ദിലീപിനെ ബന്ധപ്പെടാൻ ഉപയോഗിച്ച മൊബൈൽ നമ്പർ ഉറപ്പാക്കാനാണ് അമ്മ ശ്യാമളയെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ഫെഡറൽ ബാങ്കിൽ ലോക്കർ തുറന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാനാണ് കാവ്യയുടെ പിതാവ് മാധവനെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ബാലചന്ദ്രകുമാറുമായുള്ള ഇടപാടുകൾ, വോയിസ് ക്ലിപ്പുകൾ, സാക്ഷികളെ സ്വാധീനിക്കൽ എന്നിവ സംബന്ധിച്ചാണ് ദിലീപിന്റെ സഹോദരൻ അനൂപിനെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ ഈ മൂന്ന് പേരെയും വിസ്തരിക്കുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്ന് ദിലീപ് ആരോപിക്കുന്നു.വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പരാജയപ്പെടുത്താൻ കേസിലെ അന്വേഷണ ഏജൻസിയും പ്രോസിക്യൂഷനും അതിജീവിതയും പ്രവർത്തിക്കുകയാണെന്നും ദിലീപ് ആരോപിച്ചു. ദിലീപിന്റെ സത്യവാങ്മൂലം സുപ്രീം കോടതി വെള്ളിയാഴ്ച്ച പരിഗണിക്കും.
Wednesday, 15 February 2023
Home
Unlabelled
നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാൻ പറയുന്ന കാരണങ്ങൾ വ്യാജമെന്ന് ദിലീപ്
നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാൻ പറയുന്ന കാരണങ്ങൾ വ്യാജമെന്ന് ദിലീപ്

About Weonelive
We One Kerala