ബെയ്ജിങ് • ചൈനയിൽ 2003 ൽ സാർസ് രോഗം പടരുന്ന വിവരം പുറത്തുവിട്ടതിന്റെ പേരിൽ വീട്ടുതടങ്കലിലായിരുന്ന ഡോ. ജിയാങ് യാൻയോങ് (91) അന്തരിച്ചു. ഹോങ്കോങ് ആസ്ഥാനമായ മാധ്യമങ്ങളും മനുഷ്യാവകാശ പ്രവർത്തകരുമാണ് മരണം അറിയിച്ചത്. രാജ്യത്ത് മരണവാർത്തയും അനുശോചനങ്ങളും പ്രസിദ്ധീകരിക്കുന്നതിന് ചൈന വിലക്കേർപ്പെടുത്തി.സാർസ് (ശ്വാസകോശ ഫ്ലു) പടരുന്ന കാര്യം സർക്കാർ മറച്ചുവച്ചിരുന്നു. ഏതാനും പേർ എന്നാണ് ആരോഗ്യമന്ത്രി ഷാങ് വെൻകാങ് പറഞ്ഞത്. എന്നാൽ 60 പേരെ ഡോ. ജിയാങ് തന്നെ കണ്ടുമുട്ടി. ഇതിൽ 7 പേർ മരിച്ചു. ഡോക്ടറുടെ ഉത്തരവാദിത്തം രോഗിയോടാണെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന അദ്ദേഹം പ്രത്യാഘാതം ഭയക്കാതെ ഇക്കാര്യം സൂചിപ്പിച്ച് മന്ത്രിക്ക് കത്തയച്ചു. ഈ കത്ത് ചൈനീസ് മാധ്യമങ്ങൾക്കും നൽകിയെങ്കിലും ഭയംമൂലം ആരും റിപ്പോർട്ട് ചെയ്തില്ല. പാശ്ചാത്യ മാധ്യമങ്ങളിലൂടെ കത്തിലെ വിവരം പുറത്തുവന്നതോടെ സർക്കാരിന്റെ കള്ളി പൊളിഞ്ഞു. രാജ്യാന്തര സമ്മർദത്തെ തുടർന്ന് നടപടികൾ സ്വീകരിക്കേണ്ടിവന്നു. ആരോഗ്യമന്ത്രിയും ബെയ്ജിങ് മേയറും രാജിവച്ചു. ഇതോടെ ഡോ. ജിയാങ് നായക പരിവേഷം നേടി.എന്നാൽ അദ്ദേഹം സർക്കാരിന്റെ കണ്ണിലെ കരടായി. 2004 മുതൽ അദ്ദേഹത്തെയും ഭാര്യ ഹുവ ഷോങ്വെയിയെയും വീട്ടുതടങ്കലിലാക്കി. 2004 ൽ മഗ്സസെ അവാർഡും അടുത്തവർഷം ന്യൂയോർക്ക് അക്കാദമി ഓഫ് സയൻസ് അവാർഡും ലഭിച്ചെങ്കിലും സ്വീകരിക്കാൻ അനുമതി നൽകിയില്ല.സാർസ് രോഗം എത്രത്തോളം ഗൗരവമുള്ളതാണെന്ന് സ്വന്തം ഭാവിയെ ബലികൊടുത്ത് ജിയാങ് പുറത്തുകൊണ്ടുവന്നത് ഒരുപാടു പേരുടെ ജീവൻ രക്ഷിക്കാൻ ഇടവരുത്തിയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. 29 രാജ്യങ്ങളിലായി എണ്ണായിരത്തോളം പേരെ ബാധിച്ച സാർസ് രോഗം കാരണം 774 പേരാണ് മരിച്ചത്.
Tuesday, 14 March 2023
Home
Unlabelled
സാർസ്: ചൈനയുടെ കള്ളംപൊളിച്ച ഡോക്ടർ വിടപറഞ്ഞു
സാർസ്: ചൈനയുടെ കള്ളംപൊളിച്ച ഡോക്ടർ വിടപറഞ്ഞു

About Weonelive
We One Kerala