തമിഴ്നാട് വെല്ലൂരിൽ ക്ഷേത്രോത്സവത്തിനിടെ രഥം ജനക്കൂട്ടത്തിലേക്ക് മറിഞ്ഞ് അപകടം; 7 പേർക്ക് ഗുരുതര പരിക്ക്


ചെന്നൈ: തമിഴ്നാട് വെല്ലൂരിൽ ക്ഷേത്ര ഉത്സവത്തിലെ രഥം മറിഞ്ഞു വീണ് അപകടം. 7 പേർക്ക് പരിക്കേറ്റു. രഥ ഘോഷയാത്രയ്ക്കിടെ 60 അടി ഉയരമുള്ള രഥമാണ് ജനക്കൂട്ടത്തിലേക്ക് മറിഞ്ഞത്. ഇന്നലെ രാത്രി 11.40 നാണ് അപകടം ഉണ്ടായത്. മായന കൊല്ലൈ ഉത്സവത്തോടനുബന്ധിച്ചായിരുന്നു രഥ ഘോഷയാത്ര. ഏഴ് പേർക്കും ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. നിരവധിപേർക്ക് നിസാരപരിക്ക് ഏറ്റിട്ടുണ്ട്. വെല്ലൂർ, കാട്പാടി പ്രദേശങ്ങളിലാണ് രഥഘോഷയാത്ര നടന്നത്. വെല്ലൂരിലെ ഒരു പ്രധാനപ്പെട്ട പ്രാദേശിക ഉത്സവമാണ് മായാന കൊല്ലൈ. ശിവരാത്രിക്ക് തൊട്ടുപിറ്റേന്ന് നടക്കുന്ന ഒരു ഉത്സവമാണ് ഇത്. ഇതുമായി ബന്ധപ്പെട്ട രഥഘോഷയാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. രഥം ഭക്തർ വലിച്ചുകൊണ്ടുപോകുന്നതിനിടെ മറിയുകയായിരുന്നു. രഥം മറിഞ്ഞപ്പോൾ ഏഴുപേർ അതിനിടയിൽ പെട്ടുപോകുകയായിരുന്നു. ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് നൽകിയിരുന്ന നിർദേശങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്. ഇതുസംബന്ധിച്ച പരിശോധനകൾ നടത്തുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. കലക്ടർ സുബ്ബുലക്ഷ്മി, പൊലീസ് സൂപ്രണ്ട് ശിവരാമൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. അപകടം നടന്നയുടനെ ജനം ചിതറി ഓടുകയായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. അതേസമയം കുടുങ്ങിയപ്പോയവരെ വളരെയേറെ ബുദ്ധിമുട്ടിയാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്.



Post a Comment

Previous Post Next Post

AD01