ഇഷ്ട സ്ഥലത്ത് ഇറങ്ങാം, കയറാം; സ്‌റ്റോപ്പ്‌ ഓൺ ഡിമാന്റ് അവതരിപ്പിച്ച് കെഎസ്‌ആർടിസി


യാത്രക്കാർക്ക് സൗകര്യ പ്രദമാകുന്ന രീതിയിലാണ് ഇപ്പോൾ കെ എസ് ആർ ടി സി യുടെ പ്രവർത്തനം. യു ഡി എഫ് ഭരണ കാലത്ത് നഷ്ട്ടത്തിലായിരുന്ന കെ എസ് ആർ ടി സി ഇപ്പോൾ ലാഭത്തിന്റെ ടോപ് ഗിയറിൽ മുന്നോട്ട് കുതിക്കുകയാണ്. അതിനിടെ യാത്രക്കാർക്ക് കൂടുതൽ പ്രയോജനമാകുന്ന പുതിയ രണ്ട് സേവനങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ്. പുതിയതായി സ്‌റ്റോപ്പ്‌ ഓൺ ഡിമാന്റ്, ഡൈനാമിക്‌ പ്രൈസിങ്‌ എന്നിങ്ങനെ രണ്ട് സേവനങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. കെ എസ് ആർ ടി സി ബസിന്‌ സ്‌റ്റോപ്പില്ലെങ്കിലും അധിക പണം നൽകിയാൽ നിശ്‌ചിത സ്ഥലത്ത് നിന്ന്‌ കയറുകയോ, ഇറങ്ങുകയോ ചെയ്യാൻ കഴിയുന്ന സംവിധാനമാണ് സ്‌റ്റോപ്പ്‌ ഓൺ ഡിമാന്റ്. ഫാസ്‌റ്റ്‌, സൂപ്പർഫാസ്‌റ്റ്‌, ഡീലക്‌സ്‌, എക്‌സ്‌പ്രസ്‌ തുടങ്ങിയ കെ എസ് ആർ ടി സി ബസുകളിൽ ഈ സംവിധാനം ലഭ്യമാകും. തുടക്കത്തിൽ ‘സ്‌റ്റോപ്പ്‌ ഓൺ ഡിമാന്റ്’ സംവിധാനത്തിന് നിശ്‌ചയിച്ചിരിക്കുന്നത്‌ 20 രൂപയാണ്‌. ടിക്കറ്റ് എടുക്കുമ്പോൾ എവിടെ നിന്നാണ്‌ കയറുന്നതെന്ന്‌ വ്യക്തമാക്കണം. ചലോ ആപ്പ് വഴി ബസ് എവിടെ എത്തി എന്നും ഏതു സമയത്ത്‌ നമ്മൾ നിൽക്കുന്ന സ്ഥലത്ത് ബസ് എത്തുമെന്നും മനസിലാക്കാൻ കഴിയും. അതേസമയം, യാത്രക്കാർക്കായി ബസ് കാത്തുനിൽക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ തന്നെ ഇത് ആദ്യമാണ്‌ പൊതുഗതാഗതമേഖലയിൽ ഇത്തരം സംവിധാനം നിലവിൽ വരുന്നത്. ഡൈനാമിക്‌ പ്രൈസിങ്‌ അന്തർസംസ്ഥാന റൂട്ടിലാണ്‌ ഏർപ്പെടുത്തുക. ബസ്‌ പുറപ്പെടുന്നതിന്‌ 24 മണിക്കൂർ മുന്പ്‌ 50 ശതമാനം സീറ്റിൽ താഴെയാണ്‌ ബുക്കിംഗ് എങ്കിൽ ടിക്കറ്റ്‌ നിരക്ക്‌ കുറയ്‌ക്കും. യാത്രക്കാരുടെ തിരക്ക്‌ കൂടുന്നതിന് അനുസരിച്ച് നിരക്കും വർധിക്കും. പരമാവധി 50 ശതമാനം നിരക്കുവരെയായിരിക്കും വർധന. ഓൺലൈൻ, ക‍ൗണ്ടർടിക്കറ്റുകൾക്ക്‌ ഇത്‌ ബാധകമായിരിക്കും.



Post a Comment

0 Comments