ഉളിക്കൽ–പടിയൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ തേർമല കൈക്കൂലിത്തട്ടിൽ ജലജീവൻ മിഷന്റെ കുടിവെള്ള ടാങ്കിന് സമീപം തുടരുന്ന ചെങ്കൽ ഖനനം പ്രദേശവാസികളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു. മുന്നൂറിലധികം കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഖനനം, ഇരു പഞ്ചായത്തുകളിലും ഗുരുതരമായ ദുരന്തസാധ്യത ഉയർത്തുന്നതായാണ് തേർമല സംരക്ഷണ സമിതിയുടെ ആരോപണം.
2018-ലാണ് കൈക്കൂലിത്തട്ടിൽ ചെങ്കൽ ഖനനം ആരംഭിച്ചത്. അതേ വർഷമുണ്ടായ പ്രളയത്തെത്തുടർന്ന് പ്രദേശത്ത് ഭൂമി വിണ്ടുകീറുകയും മണ്ണിന്റെ ഘടനയിൽ മാറ്റങ്ങൾ പ്രകടമാകുകയും ചെയ്തു. 2019-ൽ കിണറുകൾ ഇടിഞ്ഞുതാഴ്ന്നതും പാറകൾ നിരങ്ങി മാറിയതും ഉൾപ്പെടെ നിരവധി അപകടസൂചനകൾ പ്രദേശവാസികൾക്ക് നേരിടേണ്ടിവന്നതായി സംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നു.
തുടർന്നുണ്ടായ ഭൂപ്രതിഭാസങ്ങളുടെ ഭാഗമായി കുന്നിൻമുകളിലെ ചെങ്കൽ ഖനനമേഖലയിലെ ഗുഹകളിലൂടെ മലിനജലം ഒഴുകിയെത്തി കിണറുകളിൽ ചെളിവെള്ളവും കല്ലുകളും നിറഞ്ഞതായും സമിതി പറയുന്നു. ഇതേത്തുടർന്ന് പ്രദേശത്ത് അടിയന്തര പരിശോധന നടത്തണമെന്ന് അന്നത്തെ എംഎൽഎ കെ.സി. ജോസഫിനോട് തേർമല സംരക്ഷണ സമിതി ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രദേശത്ത് പരിശോധന നടത്തുകയും മണ്ണിനടിയിലൂടെ മണ്ണും വെള്ളവും ഒഴുകിപ്പോകുന്ന സോയിൽ പൈപ്പിങ് പ്രതിഭാസം നിലനിൽക്കുന്ന പ്രദേശമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതായി സമിതി അറിയിച്ചു.
സബ് കലക്ടർ, മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ സാമൂഹിക-രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ എന്നിവരും സ്ഥലം സന്ദർശിച്ച് അപകടസാധ്യത വിലയിരുത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് 2019-ൽ ഉളിക്കൽ–പടിയൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തെ ചെങ്കൽ ഖനനത്തിന് നിരോധനം ഏർപ്പെടുത്തി ഉത്തരവിറക്കിയതെന്നാണ് സംരക്ഷണ സമിതിയുടെ വിശദീകരണം.
എന്നാൽ, ഈ ഉത്തരവ് നിലനിൽക്കെ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഇപ്പോൾ ഖനനത്തിന് അനുമതി നൽകിയതായും സമിതി ആരോപിക്കുന്നു.
ഇതിനിടെ, ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ എട്ടു വാർഡിലെ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി ജലജീവൻ മിഷന്റെ ഭാഗമായി ഏഴര ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള കൂറ്റൻ ടാങ്ക് നിർമിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ടാങ്കിന് സമീപത്തെ ചെങ്കൽ ഖനനവും അതുമൂലമുണ്ടാകുന്ന പ്രകമ്പനങ്ങളും ജലസംഭരണിയുടെ ഫില്ലറുകൾക്കും ഭിത്തികൾക്കും വിള്ളലുണ്ടാക്കിയതായും ഇത് കുടിവെള്ള വിതരണ സംവിധാനത്തിന് ഭീഷണിയാകുന്നതായും പ്രദേശവാസികൾ ആരോപിക്കുന്നു.
മലപ്പുറം സ്വദേശിയായ സ്വകാര്യ വ്യക്തി ഖനനത്തിനായി വ്യാപകമായി ഭൂമി വാങ്ങി കശുമാവിൻ തോട്ടങ്ങൾ വെട്ടിമാറ്റിയതായും പുതിയ കൃഷി നടത്തുമെന്ന പേരിൽ ഖനന പ്രവർത്തനങ്ങൾ തുടരുന്നതായും തേർമല സംരക്ഷണ സമിതി ആരോപിച്ചു. ഖനനം മൂലം പ്രദേശത്തുണ്ടാകാവുന്ന ദുരന്തങ്ങൾക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവാദികളാകേണ്ടിവരുമെന്നും സമിതി മുന്നറിയിപ്പ് നൽകി.മുന്നൂറിലധികം കുടുംബങ്ങളുടെ സുരക്ഷയും കുടിവെള്ള പദ്ധതിയുടെ നിലനിൽപ്പും ഒരുപോലെ ആശങ്കയിലായ സാഹചര്യത്തിൽ, പ്രദേശത്തെ ചെങ്കൽ ഖനനത്തിന് അനുമതി നൽകിയതിന്റെ സാഹചര്യം പരിശോധിക്കണമെന്നും ഖനനമേഖലയിൽ അടിയന്തര ശാസ്ത്രീയ പരിശോധന നടത്തണമെന്നും തേർമല സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ദുരന്തം സംഭവിച്ചശേഷം നടപടിയെടുക്കുന്നതിനു പകരം മുൻകരുതൽ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിലവിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കുന്നതിനായിട്ടുള്ള തേർമല സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയേകി ഇരിക്കൂർ എം എൽ എ അഡ്വ. സജീവ് ജോസഫും ഒപ്പമുണ്ട്.
തേർമല സംരക്ഷണ സമിതിക്കുവേണ്ടി കുര്യാക്കോസ് മണിപ്പാടത്ത്, ജോർജ്ജ് പുളിക്കകുന്നേൽ, ബിനു മുരിയംവേലിൽ, ബാബു മുരിയംവേലിൽ, ജോയി മണ്ഡപത്തിൽ, ബിനോയ് പന്തലാങ്കൽ, ജോയി മുരിയംവേലിൽ, ഷാജി മുകളേകാലായിൽ എന്നിവർ അധികൃതരോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു.






0 Comments