ഇന്ത്യന്‍ കപ്പലുകള്‍ക്ക് സ്വതന്ത്രമായി കടന്നുപോകാന്‍ അനുമതി; ഇളവ് അനുവദിച്ച് ഇറാന്‍.

 

ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യക്ക് ഇളവ് അനുവദിച്ച് ഇറാന്‍. ഇന്ത്യന്‍ കപ്പലുകള്‍ക്ക് സ്വതന്ത്രമായി കടന്നുപോകാനാണ് അനുമതി. ഇന്ത്യക്ക് പുറമെ ചൈന, ഇറാഖ്, ഖത്തര്‍ രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ക്കും ഇളവുണ്ട്. ഇറാനിയന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ, വിദേശനയ സമിതിയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍ അമീര്‍ ഹയാത്ത് മൊകാദ്ദാമാണ് ഇളവുകള്‍ സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണയുടെ 45 ശതമാനവും എല്‍പിജിയുടെ ഏകദേശം 90 ശതമാനവും ഹോര്‍മുസ് വഴിയാണ്.ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണങ്ങളില്‍ നിന്ന് ഇന്ത്യ, ചൈന, ഇറാഖ്, ഖത്തര്‍ എന്നീ രാജ്യങ്ങളെ നിലവില്‍ ഒഴിവാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ തടസ്സമില്ലാതെ കടന്നുപോകുന്നു, അമേരിക്കക്കാരും അവയെ തടയുന്നില്ല – അമീര്‍ ഹയാത്ത് മൊകാദ്ദാം വ്യക്തമാക്കി. ഈ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ ഇറാനുള്ള താത്പര്യങ്ങളെ ശക്തിപ്പെടുത്തുകയാണ് ഈ ഇളവുകള്‍ വഴി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ചൈനീസ് കപ്പലുകള്‍ക്ക് നല്‍കിയിരിക്കുന്ന ഇളവ് ചൈനയുടെ രാഷ്ട്രീയ പിന്തുണ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നതിനായി ഇന്ത്യന്‍ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഇറാന്‍ സൗകര്യമൊരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ ഇന്ത്യന്‍, ചൈനീസ് കപ്പലുകളില്‍ നിന്ന് ട്രാന്‍സിറ്റ് ഫീസ് ഈടാക്കുന്നുണ്ടെന്നും, ഖത്തര്‍ കപ്പലുകളെ യാതൊരു ഫീസും കൂടാതെ കടന്നുപോകാന്‍ അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.



Post a Comment

0 Comments