‘കേരളം പാപ്പരാണെന്നത് പച്ചക്കള്ളം, ധനസ്ഥിതി ഇപ്പോൾ മെച്ചപ്പെട്ട നിലയിൽ; എ കെ ആൻ്റണിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ തയ്യാർ’: കെ എൻ ബാലഗോപാൽ


2001നേക്കാൾ കേരളം പാപ്പരാണെന്ന എ കെ ആൻ്റണിയുടെ പ്രസ്താവനയ്ക്കെതിരെ മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിന്റെ ധനസ്ഥിതി ഇപ്പോൾ മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം കടക്കെണിയിൽ അല്ലെന്നും ഔദ്യോഗിക രേഖകൾ പ്രകാരമാ ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 6000 കോടിയോളം ക്യാഷ് ബാലൻസ് ഉണ്ടെന്നും എല്ലാ പദ്ധതി പണവും കൊടുത്ത ശേഷമാണ് ഇതെന്നും കെ എൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി.

എ കെ ആൻ്റണിയുടേത് തെറ്റിദ്ധാരണ ആണെന്നും അദ്ദേഹം വസ്‌തുതകൾ മനസിലാക്കണം എന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. കേരളത്തിൻ്റെ ധനസ്ഥിതി മെച്ചമെന്ന് ബോധ്യം ഉള്ളതുകൊണ്ടാണ് 5 ഇന ഗ്യാരൻ്റി കൊടുക്കാൻ വി ഡി സതീശന് ധൈര്യം വന്നത്. മുൻ വർഷങ്ങളേക്കാളും മെച്ചപ്പെട്ട സ്ഥിതിയാണ് ഇപ്പോൾ. ഗ്യാരൻ്റി പഠിച്ചിട്ട് ചെയ്താൽ മതി. അതിന് സമയം വേണ്ടി വരുമെന്നും ധനസ്ഥിതിയുള്ള ഖജനാവാണ് ഏൽപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾ കൈപ്പ്നീര് കുടിക്കേണ്ടി വരുമെന്ന് പറയുന്നത് എന്ത് അർത്ഥത്തിലാണെന്നും കെ എൻ ബാല​ഗോപാൽ ചോദിച്ചു. വേണമെങ്കിൽ എ കെ ആൻ്റണിയെ കാര്യങ്ങൾ ബോധിപ്പിക്കാൻ തയ്യാറാണെന്നും എല്ലാ കണക്കുകളുമായി എ കെ ആൻ്റണിയെ അടുത്ത ദിവസം തന്നെ കാണണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രഖ്യാപിച്ച ഗ്യാരൻ്റി നൽകിയ മറ്റു സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ എല്ലാം പ്രതിസന്ധിയിലാണ്. ശമ്പളം കൊടുക്കാൻ പോലും കഴിയാത്ത സർക്കാരുകൾ ഉണ്ട്. ഇത് മുന്നിൽ കണ്ടാണോ എ കെ ആൻ്റണിയുടെ പരാമർശം എന്ന് സംശയമുണ്ടെന്ന് കെ എൻ ബാല​ഗോപാൽ പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളുടെ അവസ്ഥ കണ്ടിട്ട് എ കെ ആന്റണി മുൻകൂർ ജാമ്യം എടുത്തതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റവും കുറച്ച് കടമെടുത്ത സംസ്ഥാനമാണ് കേരളം. എന്നാൽ മിസ് മാനേജ്മെന്റെന്ന് യുഡിഎഫ് പ്രചരിപ്പിച്ചു. നീതി അയോഗിന്റെ കണക്കുകൾ കൂടി അത്തരക്കാർ പരിശോധിക്കണം. ജനങ്ങളുടെ മനസിൽ കല്ലുകടി ഉണ്ടാക്കരുത് എന്ന് മാത്രം പറയുന്നു. സാമ്പത്തികമായി കേരളത്തെ മെച്ചപ്പെട്ട നിലയിൽ എത്തിച്ചിട്ടാണ് ഞങ്ങൾ സ്ഥാനമൊഴിയുന്നത്. കേരളം തകർന്നു എന്ന് പറയരുത്. ശരിയായ കണക്കുകൾ ഉള്ള ഔദ്യോഗിക രേഖകൾ ലഭ്യമാണെന്നിരിക്കെ എന്തിനാണ് വൈറ്റ് പേപ്പർ ഇറക്കുന്നതെന്നും കെ എൻ ബാല​ഗോപാൽ ചോദിച്ചു.



Post a Comment

Previous Post Next Post

AD01