പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയത് പിബിയിലെ ഒരു വിഭാഗത്തിന്റെ എതിർപ്പ് മറികടന്ന്; അതൃപ്തി പുകയുന്നു


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതില്‍ അതൃപ്തി പുകയുന്നു. സിപിഐഎം പോളിറ്റ് ബ്യൂറോയില്‍ ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് പ്രതിപക്ഷ നേതാവായി പിണറായി വിജയനെ നിശ്ചയിച്ചത്. പിബിയില്‍ ഏഴ് അംഗങ്ങളാണ് ഇതിനെ എതിര്‍ത്തത്. ഇളവ് നല്‍കി കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്തുന്ന പിണറായിയെ പ്രതിപക്ഷ നേതാവായി കൊണ്ടുവരുന്നത് സംഘടനാ പരമായി ഉചിതമാകില്ലെന്ന അഭിപ്രായമാണ് ഒരു വിഭാഗം ശക്തമായി ഉയര്‍ത്തിയത്. തീരുമാനം പുനഃപരിശോധിക്കണമെന്നും പിണറായി സ്വയം മാറി നില്‍ക്കണമെന്നും പിബിയില്‍ ആവശ്യമുയര്‍ന്നു. വിവിധ ജില്ലാ നേതൃ യോഗങ്ങളിൽ പിണറായി വിജയനെതിരെയും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനെതിരെയും കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ജനവികാരം മാനിച്ച് പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്നാണ് ഉയരുന്ന ആവശ്യം. പിണറായിയുടെ ഭാഷയും ശൈലിയും ജനങ്ങളിൽ വെറുപ്പ് സൃഷ്ടിച്ചെന്നും വിമര്‍ശനമുയര്‍ന്നു. പിണറായി ഏകാധിപതിയാണെന്ന വിമര്‍ശനമാണ് സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉയർന്നത്. സിപിഐഎമ്മില്‍ പിണറായി വിജയന്‍ മാത്രം എന്ന രീതിയാണെന്നും വിമര്‍ശനം ഉയർന്നു. തെരഞ്ഞെടുപ്പില്‍ പിണറായി വിജയനെ മാത്രം ഉയര്‍ത്തിക്കാട്ടിയെന്നും സിപിഐഎമ്മിലെയും എല്‍ഡിഎഫിലെയും ജനകീയ നേതാക്കളെ അവഗണിച്ചെന്നും വിമര്‍ശനം ഉയര്‍ന്നു. കൊല്ലം, കോഴിക്കോട്, എറണാകുളം, കണ്ണൂര്‍ ജില്ലാ നേതൃയോഗങ്ങളിലും രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു. പിണറായിയെ മാത്രം കേന്ദ്രീകരിച്ച പ്രചരണം തിരിച്ചടിയായി. കെ കെ ശൈലജയെ പേരാവൂരില്‍ നിര്‍ത്തി തോല്‍പ്പിച്ചു. എന്തുകൊണ്ട് ശൈലജയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിഞ്ഞില്ല. ജനകീയമുഖമായ ശൈലജയെ മുന്‍നിര്‍ത്തിയിരുന്നുവെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നായേനെ തുടങ്ങിയ വിമര്‍ശനങ്ങളാണ് കണ്ണൂരില്‍ നിന്ന് ഉയര്‍ന്നത്.



Post a Comment

Previous Post Next Post

AD01