ഇരിക്കൂർ: അറിവിൻ്റെ ലോകത്തേക്ക് കുരുന്നുകളെ കൈപിടിച്ചുയർത്താൻ ലക്ഷ്യമിട്ട് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാൻ (RGSA) പദ്ധതിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച 'അക്ഷരോന്നതി' പുസ്തക വിതരണം മാങ്കുഴി പഠനമുറിയിൽ അവിസ്മരണീയമായി. പട്ടികവർഗ വിഭാഗത്തിലെ കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പരിപാടിയിൽ, തങ്ങളുടെ കയ്യിലേക്ക് പുതിയ പുസ്തകങ്ങൾ എത്തിയപ്പോൾ ആ കുരുന്നുകളുടെ മുഖത്ത് വിരിഞ്ഞത് പറഞ്ഞറിയിക്കാനാവാത്ത ആനന്ദമായിരുന്നു. അറിവിന്റെ പുതിയ ലോകം തുറന്നുകിട്ടിയതിന്റെ ആവേശത്തിലായിരുന്നു ഓരോ കുട്ടിയും. തങ്ങളുടെ മക്കൾ പുസ്തകങ്ങൾ സന്തോഷത്തോടെ ഏറ്റുവാങ്ങുന്നത് കണ്ടപ്പോൾ, ആ രക്ഷിതാക്കളുടെ കണ്ണുകളിലും അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും തിളക്കം നിറഞ്ഞുനിന്നു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ടി.കെ. സുലേഖ ഉദ്ഘാടനം നിർവ്വഹിച്ചു. പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ടി. ശ്രീജ അധ്യക്ഷത വഹിച്ച ചടങ്ങിൽ, കണ്ണൂർ ജില്ലാ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ശ്രീ. പ്രസാദ് പി.ടി മുഖ്യാതിഥിയായി പങ്കെടുത്തു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ബി. ഷംസുദ്ദീൻ സ്വാഗതം ആശംസിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. അബ്ദുൾ റഹിമാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. പി. സൗമിനി ടീച്ചർ, പടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. രാജീവൻ വി.വി, വാർഡ് മെമ്പർ ശ്രീമതി. ലിസമ്മ വർഗ്ഗീസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ശ്രീ. തുളസീധരൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. മാങ്കുഴി പഠനമുറി ഫെസിലിറ്റേറ്റർ ഷംന, പ്രമോട്ടർ ഷിബിന എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ. പ്രവീൺ വി.വി നന്ദി പറഞ്ഞു. ചടങ്ങിന് ശേഷം ലഹരിക്കെതിരായ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. വരുംതലമുറയെ നന്മയുടെ പാതയിൽ സഞ്ചരിക്കാൻ പ്രാപ്തരാക്കുന്നതിൻ്റെ ഭാഗമായി നടത്തിയ ഈ പരിപാടിയിൽ RGSA ബ്ലോക്ക് കോർഡിനേറ്റർമാരായ ഷീജ കെ.വി, അമൃത, ദീപ്തി, രാജി എന്നിവരും പങ്കാളികളായി. പുസ്തകങ്ങൾ കയ്യിൽ കിട്ടിയപ്പോഴുള്ള ആ കൊച്ചു കുരുന്നുകളുടെ പുഞ്ചിരിയും, അത് നോക്കി അഭിമാനത്തോടെ നിന്ന രക്ഷിതാക്കളുടെ സന്തോഷവുമാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ വിജയമെന്ന് അവിടെ കൂടിയവർ ഒന്നടങ്കം പറഞ്ഞു.തുടർന്ന് ലഹരിക്കെതിരെ സബ് ഇൻസ്പെക്ടർ ശ്രീ സി. സത്യനാഥൻ ക്ലാസ്സെടുത്തു.




0 Comments