വാട്‌സ് ആപ്പ് ഇന്ന് മിക്കവരുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. വ്യക്തിപരമായ സംഭാഷണങ്ങള്‍ മുതല്‍ ജോലി സംബന്ധമായ വിവരങ്ങള്‍ വരെ വാട്‌സ് ആപ്പിലൂടെ കൈമാറുന്നവരാണ് അധികവും. അതുകൊണ്ടുതന്നെ സ്വകാര്യതയും സുരക്ഷയും ഏറെ പ്രധാനമാണ്. വാട്‌സ്ആപ്പില്‍ ചാറ്റ് ലോക്ക്, ടു-സ്റ്റെപ്പ് വേരിഫിക്കേഷന്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടെന്ന് പലര്‍ക്കും അറിയാം. എന്നാല്‍ അധികം ശ്രദ്ധയില്‍പ്പെടാത്ത ചില സ്വകാര്യതാ ഫീച്ചറുകളും ആപ്പിലുണ്ട്. പ്രധാനപ്പെട്ട ചാറ്റുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനും പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ ഒഴിവാക്കാനും സഹായിക്കുന്ന ഇത്തരം അഞ്ച് ഫീച്ചറുകള്‍ ഏതൊക്കെയെന്ന് നോക്കാം.
പ്രധാനപ്പെട്ട ചാറ്റുകള്‍ക്ക് കൂടുതല്‍ സ്വകാര്യത- അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി
ഒരു പ്രത്യേക ചാറ്റിലെ വിവരങ്ങള്‍ കൂടുതല്‍ സ്വകാര്യമായി സൂക്ഷിക്കണമെങ്കില്‍ അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി ഉപയോഗിക്കാം. ഈ ഫീച്ചര്‍ ഓണ്‍ ചെയ്താല്‍ ആ ചാറ്റില്‍ നിന്നുള്ള മീഡിയ ഫയലുകള്‍ സ്വമേധയാ ഡൗണ്‍ലോഡ് ചെയ്യുന്നതും ചാറ്റ് എക്‌സ്‌പോര്‍ട്ട് ചെയ്യുന്നതും നിയന്ത്രിക്കാം. അതായത് പ്രധാനപ്പെട്ട സംഭാഷണങ്ങള്‍ക്ക് കൂടുതല്‍ സ്വകാര്യത നല്‍കാന്‍ ഈ ഓപ്ഷന്‍ സഹായിക്കും.
എങ്ങനെ ഓണ്‍ ചെയ്യാം
ആവശ്യമുള്ള ചാറ്റ് തുറക്കുക. മുകളിലുള്ള വ്യക്തിയുടെയോ ഗ്രൂപ്പിന്റെയോ പേരില്‍ ടാപ്പ് ചെയ്യുക. തുടര്‍ന്ന് Advanced Chat Privacy എന്ന ഓപ്ഷന്‍ കണ്ടെത്തി ഓണ്‍ ചെയ്യാം.
കാണേണ്ടത് ഒരിക്കല്‍ മാത്രം- വ്യൂ വണ്‍സ്
സ്വകാര്യമായ ഫോട്ടോയോ വീഡിയോയോ സ്ഥിരമായി ചാറ്റില്‍ കിടക്കരുതെന്ന് ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെയെങ്കില്‍ View Once ഉപയോഗിക്കാം. ഈ ഫീച്ചര്‍ ഉപയോഗിച്ച് അയയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും സ്വീകര്‍ത്താവ് ഒരിക്കല്‍ തുറന്ന് കണ്ടതിന് ശേഷം ചാറ്റില്‍ നിന്ന് അപ്രത്യക്ഷമാകും. ഇവ സാധാരണയായി ഫോണിന്റെ ഗാലറിയിലോ ഫോട്ടോസ് ആപ്പിലോ സേവ് ചെയ്യപ്പെടുകയുമില്ല. വോയ്‌സ് മെസേജുകള്‍ക്കും View Once ഉപയോഗിക്കാം. കൂടാതെ View Once മീഡിയയ്ക്ക് സ്‌ക്രീന്‍ഷോട്ട് അല്ലെങ്കില്‍ സ്‌ക്രീന്‍ റെക്കോര്‍ഡിങ് എടുക്കുന്നത് തടയുന്നതിനുള്ള സംവിധാനവും വാട്‌സ്ആപ്പിലുണ്ട്.അതുകൊണ്ട് തന്നെ ഒരാള്‍ക്ക് താല്‍ക്കാലികമായി മാത്രം കാണേണ്ട സ്വകാര്യ വിവരങ്ങള്‍ അയയ്ക്കുമ്പോള്‍ ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താം.
ചാറ്റ് ബാക്കപ്പിനും സുരക്ഷ , എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍
ഫോണിലെ ചാറ്റുകള്‍ മാത്രം സുരക്ഷിതമാക്കിയാല്‍ മതിയാകില്ല. പലരും ചാറ്റുകളുടെ ബാക്കപ്പ് ക്ലൗഡില്‍ സൂക്ഷിക്കുന്നുണ്ട്. ഈ ബാക്കപ്പുകള്‍ക്കും അധിക സുരക്ഷ നല്‍കാന്‍ വാട്ട്‌സ്ആപ്പ് അവസരം നല്‍കുന്നു.End-to-End Encrypted Backup ഓണ്‍ ചെയ്താല്‍ ബാക്കപ്പ് കൂടുതല്‍ സുരക്ഷിതമാക്കാം. ഈ സംവിധാനം ഉപയോഗിക്കുന്നതോടെ വാട്‌സ്ആപ്പിനും ബാക്കപ്പ് സേവനദാതാവിനും നിങ്ങളുടെ ബാക്കപ്പിലെ സന്ദേശങ്ങള്‍ വായിക്കാന്‍ കഴിയാത്ത തരത്തിലുള്ള എന്‍ക്രിപ്ഷന്‍ ലഭിക്കും.
എങ്ങനെ ഓണ്‍ ചെയ്യാം
Settings - Chats - Chat Backup - End-to-End Encrypted Backup എന്നതിലേക്ക് പോകുക. തുടര്‍ന്ന് നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് ഇത് പ്രവര്‍ത്തനക്ഷമമാക്കാം.
ഇഷ്ടമില്ലാത്ത ഗ്രൂപ്പുകളില്‍ ചേര്‍ക്കപ്പെടുന്നത് ഒഴിവാക്കാം
അറിയാത്ത ആളുകളോ പരിചയക്കുറവുള്ള കോണ്‍ടാക്ടുകളോ ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നത് പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ഇത് നിയന്ത്രിക്കാനും വാട്ട്‌സ്ആപ്പില്‍ സംവിധാനമുണ്ട്. Group Privacy Settings വഴി ആരൊക്കെയാണ് നിങ്ങളെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ചേര്‍ക്കാന്‍ കഴിയുക എന്ന് തീരുമാനിക്കാം.
എങ്ങനെ മാറ്റാം
Settings - Privacy - Groups എന്നതിലേക്ക് പോകുക. ഇവിടെ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് ഗ്രൂപ്പുകളിലേക്ക് ചേര്‍ക്കാന്‍ കഴിയുന്നവരെ തിരഞ്ഞെടുക്കാം. ഇതിലൂടെ അനാവശ്യ ഗ്രൂപ്പുകളിലേക്ക് പെട്ടെന്ന് ചേര്‍ക്കപ്പെടുന്നത് കുറയ്ക്കാം.
പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ ഇനി ശല്യമാകില്ല
അപരിചിത നമ്പറുകളില്‍ നിന്ന് ഇടയ്ക്കിടെ വാട്‌സ്ആപ്പ് കോളുകള്‍ വരാറുണ്ടോ? ഇത്തരം കോളുകള്‍ റിംഗ് ചെയ്യുന്നത് ഒഴിവാക്കാന്‍ Silence Unknown Callers എന്ന ഫീച്ചര്‍ ഉപയോഗിക്കാം. ഇത് ഓണ്‍ ചെയ്താല്‍ പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നുള്ള വാട്‌സ്ആപ്പ് കോളുകള്‍ നിങ്ങളുടെ ഫോണില്‍ റിംഗ് ചെയ്യുകയോ വൈബ്രേറ്റ് ചെയ്യുകയോ ചെയ്യില്ല. എന്നാല്‍ ഇത്തരം കോളുകള്‍ പൂര്‍ണമായും അപ്രത്യക്ഷമാകില്ല. അവ നിങ്ങളുടെ Call List ല്‍ കാണാനാകും.
എങ്ങനെ ഓണ്‍ ചെയ്യാം
Settings - Privacy - Calls - Silence Unknown Callers എന്നതിലേക്ക് പോയി ഈ ഓപ്ഷന്‍ ഓണ്‍ ചെയ്യാം.
ഇവയും മറക്കരുത്
മുകളില്‍ പറഞ്ഞ ഫീച്ചറുകള്‍ക്ക് പുറമെ വാട്ട്‌സ്ആപ്പില്‍ നിരവധി സ്വകാര്യതാ, സുരക്ഷാ സംവിധാനങ്ങളുണ്ട്.
- Disappearing Messages ഉപയോഗിച്ച് സന്ദേശങ്ങള്‍ നിശ്ചിത സമയത്തിന് ശേഷം അപ്രത്യക്ഷമാകുന്ന രീതിയില്‍ ക്രമീകരിക്കാം. 24 മണിക്കൂര്‍, 7 ദിവസം, 90 ദിവസം തുടങ്ങിയ കാലയളവുകളില്‍ നിന്ന് തിരഞ്ഞെടുക്കാനാകും.
- Two-Step Verification ഓണ്‍ ചെയ്താല്‍ വാട്ട്‌സ്ആപ്പ് അക്കൗണ്ടിന് അധിക സുരക്ഷയ്ക്കായി ഒരു PIN സജ്ജീകരിക്കാം.
- App Lock ഉപയോഗിച്ച് മുഴുവന്‍ വാട്ട്‌സ്ആപ്പ് ആപ്പിനും ലോക്ക് ഏര്‍പ്പെടുത്താം. ഒരു പ്രത്യേക സംഭാഷണം മാത്രം മറ്റുള്ളവര്‍ കാണരുതെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനും ലോക്ക് ഉപയോഗിക്കാം.
വാട്‌സ്ആപ്പ് ദിവസവും ഉപയോഗിക്കുന്നവരാണെങ്കില്‍ ഈ സ്വകാര്യതാ ഫീച്ചറുകള്‍ ഒരിക്കല്‍ പരിശോധിക്കുന്നത് നല്ലതാണ്. നിങ്ങളുടെ ആവശ്യത്തിന് അനുയോജ്യമായവ ഓണ്‍ ചെയ്താല്‍ വ്യക്തിഗത ചാറ്റുകളും വിവരങ്ങളും കൂടുതല്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ സാധിക്കും.




0 تعليقات