മുഖ്യമന്ത്രിയുടെ അടുപ്പക്കാരായ പ്രതികളെ രക്ഷിക്കാനുള്ള അവസാനത്തെ ശ്രമവും ആഭ്യന്തര വകുപ്പ് നടത്തുന്നുവെന്ന് ഡിവൈഎഫ്ഐ സെക്രട്ടറി എം വിജിൻ എംഎൽഎ. ഓപ്പറേഷൻ തൂഫാൻ നിർത്താനുള്ള ശ്രമമാണിതെന്നും വിജിൻ മാധ്യമങ്ങളോട് പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ അന്വേഷണം നടന്നില്ലെന്നും വി ഡി സതീശന്റെ കണ്ണുരുട്ടിലിന്റെ ഭാഗമായി ആഭ്യന്തര വകുപ്പ് അന്വേഷണം നിർത്തിയെന്നും വിജിൻ വിമർശിച്ചു. എംഡിഎംഎയ്ക്കെതിരെ പോരാടിയവരാണ് പ്രതികളെന്ന് ഇനി വരുത്തിത്തീർക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള യൂത്ത് കോൺഗ്രസുകാർ ഉൾപ്പെട്ട കേസിൽ പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നതോടയാണ് വിജിൻ പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോഡിനേറ്റർ മുഹമ്മദ് ഹുസൈൻ, അബ്‌ദുൾ സലാം എന്നിവരെ കുറിച്ച് കാര്യമായ വിവരങ്ങൾ റിപ്പോർട്ടിലില്ല. സൈനുൽ ആബിദ്, റിയ, വിദേശ പൗരൻ സാമുവൽ ഓസ്‌റ്റൻ എന്നിവർ മുഖ്യ പ്രതികളാണെന്നാണ് റിപ്പോർട്ടിലുള്ളത്. അതേസമയം, കേസിൽ ആദ്യം പിടിയിലായ ഹുസൈൻ ഉൾപ്പടെയുള്ളവർ ഇടനിലക്കാരെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. പ്രതികളുടെ സാമ്പത്തിക സ്രോതസിനെ കുറിച്ച് ഒരു വിവരവും അന്വേഷണ റിപ്പോർട്ടിലില്ല. പ്രതികളുടെ കേരളത്തിലെ മറ്റ് ഇടപാടുകാരെ കുറിച്ചും വിവരങ്ങളില്ല. പൊലീസ് റിപ്പോർട്ട് ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ 5, 6 തീയതികളിൽ കോടതി പരിഗണിക്കും.



0 تعليقات