സമുദ്ര സുരക്ഷാ മേഖലയിലെ പരസ്പര സഹകരണം കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ഒമാൻ സമുദ്ര സുരക്ഷാ കേന്ദ്രവുമായുള്ള ധാരണാപത്രം ഇന്ത്യൻ നാവികസേന പുതുക്കി. അൽ മുർത്തഫാ ക്യാമ്പിൽ നടന്ന ചടങ്ങിൽ റോയൽ നേവി ഓഫ് ഒമാൻ കമാൻഡറും സമുദ്ര സുരക്ഷാ കമ്മിറ്റി ചെയർമാനുമായ റിയർ അഡ്മിറൽ സൈഫ് ബിൻ നാസർ അൽ റഹ്ബിയും ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗും തമ്മിലാണ് ചരിത്രപരമായ കരാറിൽ ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളും തമ്മിൽ നിലവിലുള്ള സൗഹൃദ അന്തരീക്ഷവും ഉഭയകക്ഷി സഹകരണവും കൂടുതൽ ദൃഢമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സമുദ്ര മേഖലയിൽ ഉയർന്നുവരുന്ന പുതിയ വെല്ലുവിളികളെ നേരിടുന്നതിനും വിവരങ്ങളും അനുഭവങ്ങളും പരസ്പരം പങ്കുവെക്കുന്നതിനും പുതിയ കരാർ വഴിയൊരുക്കും. സമുദ്ര സുരക്ഷ വർധിപ്പിക്കുന്നതിനും അന്താരാഷ്ട്ര കപ്പൽ ഗതാഗതം കൂടുതൽ സുരക്ഷിതമായി നിലനിർത്തുന്നതിനുമുള്ള ഇരുരാജ്യങ്ങളുടെയും സംയുക്ത ശ്രമങ്ങൾക്ക് പുതിയ നീക്കം വലിയ കരുത്തുപകരും. ഇന്ത്യയും ഒമാനും തമ്മിലുള്ള തന്ത്രപ്രധാനമായ നാവിക പങ്കാളിത്തത്തിൽ നിർണായകമായ ഒരു ചുവടുവെപ്പാണ് ഈ ധാരണാപത്രം.




0 تعليقات