ചരിത്ര പ്രസിദ്ധമായ ഇത്തവണത്തെ ബീമാപള്ളി ഉറൂസ് മഹോത്സവം നവംബർ 11 മുതൽ 21 വരെ. ഉറൂസിനോടനുബന്ധിച്ച് ആയിരക്കണക്കിന് ഭക്തജനങ്ങളും തീർഥാടകരും എത്തുന്ന സാഹചര്യം കണക്കിലെടുത്ത് വിപുലമായ സൗകര്യങ്ങൾ സജ്ജമാക്കും. പോലീസ്, മെഡിക്കൽ സംഘം, കെഎസ്ആർടിസി, വാട്ടർ അതോറിറ്റി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇത്തവണയുണ്ടാകും. ബീമാപള്ളി ജമാഅത്തെ കോൺഫറൻസ് ഹാളിൽ ഗതാഗത വകുപ്പ് മന്ത്രി സിപി ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഒരുക്കങ്ങൾ വിലയിരുത്തിയത്.ബീമാപള്ളി ഉറൂസ് മഹോത്സവത്തിൻ്റെ ഭാഗമായി ക്രമസമാധാന പാലനത്തിനായി 10 ദിവസവും പോലീസ് പിക്കറ്റിങ്ങും നിരീക്ഷണവും ഉറപ്പാക്കും. ഇതിനായി കൂടുതൽ പോലീസിനെയും വോളന്റിയർമാരെയും ഡ്യൂട്ടിക്കായി വിന്യസിക്കും. തീരദേശ സുരക്ഷയുടെ ഭാഗമായി കടലിൽ ഇറങ്ങുന്നത് അപകടകരമായതിനാൽ തീരത്ത് അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഫയർഫോഴ്സിന്റെ റെസ്ക്യൂ ടീമിനെയും തീയണയ്ക്കാനുള്ള സജ്ജീകരണങ്ങളെയും സ്ഥലത്ത് വിന്യസിക്കാൻ തീരുമാനമായി.
പ്രത്യേക സർവീസുമായി കെഎസ്ആർടിസി
ഗതാഗത സൗകര്യത്തിനായി തീർഥാടകർക്കായി കെഎസ്ആർടിസി 20 ഓളം പ്രത്യേക സർവീസുകൾ നടത്തുമെന്നും സ്റ്റേഷൻ മാസ്റ്റർ ഓഫീസിന്റെ പ്രവർത്തനം ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. തടസ്സമില്ലാത്ത വൈദ്യുതി വിതരണത്തിന് പ്രദേശത്തെ ലൈനുകളുടെയും തെരുവ് വിളക്കുകളുടെയും മെയ്ന്റനൻസ് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കും. ഇതിനുപുറമെ, ട്രാൻസ്ഫോർമറുകളുടെ പ്രവർത്തനം കൃത്യമായി പരിശോധിക്കാൻ മന്ത്രി പ്രത്യേകം നിർദേശം നൽകി.
ഒരുക്കങ്ങളുമായി മെഡിക്കൽ സംഘം
ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ ടീമും ആംബുലൻസ് സൗകര്യങ്ങളും 24 മണിക്കൂറും ലഭ്യമാക്കും. തിരുവനന്തപുരം കോർപറേഷന്റെ നേതൃത്വത്തിൽ മേഖലയിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി 25 ഓളം തൊഴിലാളികളെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. പ്രദേശത്ത് സുരക്ഷിതമായ കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ ഹെൽത്ത് വിഭാഗവും വാട്ടർ അതോറിറ്റിയും ചേർന്ന് പരിശോധനകൾ ശക്തമാക്കും.മേഖലയിലെ അനധികൃത കയ്യേറ്റങ്ങളും ഉപയോഗശൂന്യമായി കിടക്കുന്ന നിർമാണങ്ങളും നീക്കം ചെയ്യാനും യോഗത്തിൽ തീരുമാനമായി. വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ ഈ വർഷത്തെ ഉറൂസ് മഹോത്സവം കുറ്റമറ്റ രീതിയിൽ വിജയിപ്പിക്കാൻ സാധിക്കുമെന്ന് വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗം വിലയിരുത്തി. മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ അവലോകന യോഗം ചേർന്നു.
0 Comments